സുഷമാ സ്വരാജിന് ആദരാഞ്ജലി അര്പ്പിച്ച് രാജ്യം .
സുഷമാ സ്വരാജിന് ആദരാഞ്ജലി അര്പ്പിച്ച് രാജ്യം .
ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. 2019 ആഗസ്റ്റ് 6 ന് ചൊവ്വാഴ്ച രാത്രി 11.15-ഓടെ ഡൽഹിയിലെ എയിംസിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് രാത്രി 9.50-ഓടെയാണ് സുഷമയെ ആശുപത്രിയിലെത്തിച്ചത്.ഏഴുതവണ ലോക്സഭാംഗമായ സുഷമ, 25-ാം വയസ്സിൽ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. 1996-ൽ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമയാണ് ലോക്സഭാ ചർച്ചകൾ തത്മയം സംപ്രേഷണം ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത്. 15-ാം ലോക്സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബി.ജെ.പി.യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു.കേന്ദ്രമന്ത്രിപദവിക്ക് മാനുഷികമുഖം നൽകിയവരിൽ പ്രമുഖയായിരുന്നു അവർ. മികച്ച പാർലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.1952 ഫെബ്രുവരി 14-ന് ഹരിയാണയിലെ അംബാലയിലാണു ജനനം. അച്ഛൻ: ഹർദേവ് ശർമ, അമ്മ: ലക്ഷ്മി ദേവി. ആർ.എസ്.എസ്. അംഗമായിരുന്നു അച്ഛൻ. അംബാല കന്റോൺമെന്റിലെ എസ്.ഡി. കോളേജിൽനിന്ന് രാഷ്ട്രതന്ത്രവും സംസ്കൃതവും മുഖ്യവിഷയങ്ങളായെടുത്തു ബിരുദം നേടി. പഞ്ചാബ് സർവകലാശാലയിൽനിന്ന് എൽ.എൽ.ബി. ബിരുദവും നേടി. 1970-ൽ എസ്.ഡി. കോളേജിലെ മികച്ച വിദ്യാർഥിക്കുള്ള പുരസ്കാരം സുഷമയ്ക്കായിരുന്നു.
വിദ്യാർഥിനേതാവായാണ് സുഷമയുടെ രാഷ്ട്രീയപ്രവേശം.
പ്രസംഗപാടവവും പ്രചാരണമികവും മറ്റുള്ളവർക്കിടയിൽ അവരെ വേറിട്ടുനിർത്തി. ബി.ജെ.പി.യിൽ ചേർന്നശേഷം അടിയന്തരാവസ്ഥയ്ക്കുനേരെ സമരം ചെയ്തു. ഇന്ദിരാ ഗാന്ധി സർക്കാരിനുനേരെ ഒട്ടേറെ പ്രക്ഷോഭങ്ങൾ അവർ നയിച്ചു. 27-ാം വയസ്സിൽ ബി.ജെ.പി. ഹരിയാണ ഘടകത്തിന്റെ അധ്യക്ഷയായി.ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നീ ചരിത്രസ്ഥാനങ്ങൾക്ക് ഉടമയാണു സുഷമ. അഭിഭാഷകനായ സ്വരാജ് കൗശലാണു ഭർത്താവ്. ഭാംസുരി സ്വരാജ് ഏകമകൾ.ട്വിറ്റര് എന്ന സാമൂഹികമാധ്യമത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ജനപ്രതിനിധികളില് ഒരാളായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലുടെ അവര് ജനങ്ങളുമായി സംവദിച്ചത്. ഏതുസമയത്തും സഹായം തേടി ആരു സമീപിച്ചാലും അവര്ക്ക് കൃത്യമായ മറുപടി നല്കാനും സഹായം ഉറപ്പുവരുത്താനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു. സുഷമ, കാരിരുമ്പിന്റെ കരുത്തുള്ള വ്യക്തിയായിരുന്നു .; കരിമ്പിൻ മധുരമുള്ള സ്നേഹമായിരുന്നു ആ മഹതിയുടേത് . പ്രവാസികളുടെ മനം കവർന്ന ഡിജിറ്റൽ നയതന്ത്ര.യായിരുന്നു സുഷമാസ്വരാജ് .
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBzrrbu8hTqnKXE8Zs033nSRTyFGGAVOsvHi4wcyrrfwnhBfUOsHFIJpBRHYyjCOAcJ-0WRN_s-MkI0lJMTSwRSElD6_LDcIFwEPRbtOu1qDpC7L258tTlQMg4ysWI_7FMihO894Uzad5S/s320/sushama4.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBBIBqaBYSq4HCBQkhknKj-L6m_04gdaov0WpxrkyLRDUHu8HZTtmArTn2rBJzBvGy_SxHSx8QtQVB54QLqW_HPDtQpuWGs4AixkZ_o_PeRL8BjO6Smh-L57ZQkysDd06peCxqrCDsViuB/s320/sushma2.jpg)
1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ, രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്സഭാ മണ്ഡലത്തിൽ 1980, 1989 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്.രാജ്യത്ത് ഒരു ദേശീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോർഡും സുഷമയ്ക്ക് സ്വന്തം.
സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേകാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്.2016-ൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ, ആരോഗ്യകാരണങ്ങളാൽ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. സുഷമ സ്വരാജിന്റെ വിയോഗമറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്മലാ സീതാരാമന്, എസ്. ജയശങ്കര്, രവിശങ്കര് പ്രസാദ്, ഹര്ഷവര്ധന്, പ്രകാശ് ജാവേദ്ക്കര്, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്പ്പിച്ചു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgL64De5zDIkiRXr9a-xTX2Yb9UrOY-emWTVTA5cxQm7-uF5YiUAaN9rLqfiOyyUZQwEPTmJxKAq4yhu9L8-9qV8TAVijiVGeR2AYwsR-kCmN2DBzf16An0anJ90dh7Ssn7RWS_BSRax5Aj/s320/sushama7.jpg)
പ്രൊഫ്. ജോൺ കുരാക്കാർ
Comments
Post a Comment